Malayalam guide for visiting parents
അച്ഛനും അമ്മയ്ക്കും സ്വാഗതം.
മക്കളെയും കൊച്ചുമക്കളെയും കാണാൻ ദൂരെ നിന്ന് വന്നതല്ലേ. ഇവിടെ സുഖമായും സുരക്ഷിതമായും കഴിയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായി ഇവിടെ പറയുന്നു.
അത്യാവശ്യ നമ്പറുകൾ.
ഒരു കടലാസിൽ മക്കളുടെ ഫോൺ നമ്പറും വീട്ടിലെ വിലാസവും ഇംഗ്ലീഷിൽ എഴുതി എപ്പോഴും പേഴ്സിൽ വെക്കുക.
ഇവിടെ ആശുപത്രി നാട്ടിലെ പോലെയല്ല.
ഇത് ആദ്യം തന്നെ അറിഞ്ഞിരിക്കണം. ഇവിടെ ചികിത്സ വളരെ ചെലവേറിയതാണ്.
OHIP ഇവിടത്തുകാർക്ക് മാത്രം
- ഇവിടത്തെ സർക്കാർ ചികിത്സാ കാർഡ് (OHIP) വിസിറ്റിംഗ് വിസയിൽ വരുന്നവർക്ക് കിട്ടില്ല.
- ഇൻഷുറൻസ് ഇല്ലാതെ ആശുപത്രിയിൽ പോയാൽ വലിയ ബിൽ സ്വന്തമായി അടയ്ക്കേണ്ടി വരും.
- അതുകൊണ്ട് യാത്രയ്ക്ക് മുമ്പ് തന്നെ നല്ലൊരു ഇൻഷുറൻസ് എടുക്കുക. സൂപ്പർ വിസയിലാണെങ്കിൽ അത് നിർബന്ധവുമാണ്.
- ഇൻഷുറൻസ് കാർഡും അവരുടെ എമർജൻസി ഫോൺ നമ്പറും എപ്പോഴും കൂടെ കരുതുക.
അസുഖം വന്നാൽ
- നെഞ്ചുവേദന, ശ്വാസംമുട്ടൽ, തളർച്ച, വലിയ മുറിവ്: ഉടനെ 911 വിളിക്കുക.
- സാർണിയയിലെ ആശുപത്രി: Bluewater Health, 89 Norman St.
- ചെറിയ അസുഖങ്ങൾക്ക്: 811-ൽ വിളിച്ച് ചോദിക്കാം, അല്ലെങ്കിൽ ഫാർമസിയിലെ ഫാർമസിസ്റ്റിനോട് ചോദിക്കാം.
- OHIP ഇല്ലാത്തവർക്ക്: പോയിന്റ് എഡ്വേർഡിലെ Bluewater Metabolic & Clinical Services എന്ന നഴ്സ് പ്രാക്ടീഷണർ നയിക്കുന്ന സ്വകാര്യ ക്ലിനിക്കിൽ, ഫീസ് മുൻകൂട്ടി അറിഞ്ഞ് ചികിത്സ തേടാം. ഫോൺ: 548-997-9797.
ഫാർമസിനാട്ടിൽ നിന്ന് മരുന്ന് കൊണ്ടുവരുമ്പോൾ.
- മൂന്ന് മാസത്തേക്കുള്ള (90 ദിവസം) മരുന്ന് വരെ കൊണ്ടുവരാം. അതിൽ കൂടുതൽ വേണ്ട.
- മരുന്ന് കടയിൽ നിന്ന് കിട്ടിയ ഒറിജിനൽ പാക്കറ്റിൽ തന്നെ വെക്കുക. ഒന്നിച്ച് ഒരു ഡബ്ബിയിൽ ഇട്ട് കൊണ്ടുവരരുത്.
- ഡോക്ടറുടെ കുറിപ്പടിയുടെ (prescription) ഒരു കോപ്പി കൂടെ കരുതുന്നത് നല്ലതാണ്.
- ഉറക്കഗുളിക, കടുത്ത വേദനയ്ക്കുള്ള ഗുളിക പോലുള്ള പ്രത്യേക മരുന്നുകൾ ഉണ്ടെങ്കിൽ വിമാനത്താവളത്തിൽ കസ്റ്റംസിനോട് തുറന്നു പറയണം (declare).
- ഇവിടെ മിക്ക മരുന്നുകളും കുറിപ്പടി ഇല്ലാതെ ഫാർമസിയിൽ കിട്ടില്ല. ദിവസവും കഴിക്കുന്ന മരുന്നുകൾ ആവശ്യത്തിന് കൊണ്ടുവരിക.
നവംബർ മുതൽ ഏപ്രിൽ വരെമഞ്ഞിനെ സൂക്ഷിക്കണം.
- നല്ല കട്ടിയുള്ള ജാക്കറ്റ്, തൊപ്പി, കൈയുറ, തെന്നാത്ത ബൂട്ട് എന്നിവ ഇല്ലാതെ പുറത്തിറങ്ങരുത്. നാട്ടിലെ സ്വെറ്റർ ഇവിടത്തെ തണുപ്പിന് മതിയാകില്ല.
- നടപ്പാതയിൽ മഞ്ഞിനടിയിൽ കാണാത്ത ഐസ് ഉണ്ടാകും. പതുക്കെ, ചെറിയ ചുവടുകൾ വെച്ച് നടക്കുക. വീഴ്ചയാണ് പ്രായമായവർക്ക് ഏറ്റവും വലിയ അപകടം.
- കൊടുംതണുപ്പിലും കാറ്റിലും അധികനേരം പുറത്ത് നിൽക്കരുത്.
- വീട്ടിനകത്ത് ചൂടുണ്ടാകും, പക്ഷേ വായു വരണ്ടതായിരിക്കും. ധാരാളം വെള്ളം കുടിക്കുക.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഇവിടത്തുകാർ നല്ല സ്നേഹമുള്ളവരാണ്. പക്ഷേ സ്വന്തം കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് ഇഷ്ടപ്പെടില്ല.
ഒരു കൈയകലം
ക്യൂവിലും കടയിലും മറ്റുള്ളവരോട് ചേർന്ന് നിൽക്കരുത്. ക്യൂ തെറ്റിച്ച് മുന്നിൽ കയറരുത്.
ചോദിക്കാത്ത ചോദ്യങ്ങൾ
ശമ്പളം, പ്രായം, കല്യാണം, വണ്ണം, മക്കൾ ഇല്ലേ എന്നൊക്കെ ഇവിടെ ആരോടും ചോദിക്കാറില്ല. കാലാവസ്ഥയെക്കുറിച്ച് സംസാരിക്കാം!
തൊടരുത്, ഫോട്ടോ എടുക്കരുത്
മറ്റുള്ളവരുടെ കുട്ടികളെ ലാളിക്കാനോ തൊടാനോ ഫോട്ടോ എടുക്കാനോ പാടില്ല, എത്ര ഓമനത്തമുള്ള കുഞ്ഞാണെങ്കിലും.
പതുക്കെ സംസാരിക്കാം
ബസിലും കടയിലും ഫ്ലാറ്റിന്റെ ഇടനാഴിയിലും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും സ്പീക്കർ ഇടുന്നതും ഒഴിവാക്കുക.
പൊതുസ്ഥലം നമ്മുടേതും
പൊതുസ്ഥലത്ത് തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും ഇവിടെ വളരെ മോശമായാണ് കാണുന്നത്. പലയിടത്തും പുകവലിയും നിരോധിച്ചിട്ടുണ്ട്.
റോഡ് മുറിച്ചുകടക്കുമ്പോൾ
സീബ്ര ലൈനിലൂടെയോ സിഗ്നലിലോ മാത്രം കടക്കുക. കാറിൽ എല്ലാവരും സീറ്റ് ബെൽറ്റ് ഇടണം, പിന്നിലെ സീറ്റിലും.
തല്ലി വളർത്തരുത്
നാട്ടിൽ സാധാരണമായ അടിയും കടുത്ത ശിക്ഷയും ഇവിടെ നിയമപ്രശ്നമാകാം. സ്നേഹത്തോടെ പറഞ്ഞുകൊടുക്കാം.
"Thank you", "Sorry"
ബസ് ഡ്രൈവറോടും കടയിലെ ആളോടും പോലും ഇവിടെ എല്ലാവരും നന്ദി പറയും. "Sorry" എന്നത് പലപ്പോഴും "ഒന്ന് വഴി തരുമോ" എന്ന അർത്ഥത്തിലാണ്.
പേടിക്കേണ്ട
പേഴ്സിലെ വിലാസം കാണിച്ച് ഏതെങ്കിലും കടയിലോ പോലീസിനോടോ സഹായം ചോദിക്കാം. ഇവിടത്തുകാർ സന്തോഷത്തോടെ സഹായിക്കും.
എല്ലാ ഞായറാഴ്ചയും 4:00 മണിനാടിന്റെ ഒരു കഷണം ഇവിടെയും.
മലയാളം കുർബാന: എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4:00 മണിക്ക് സാർണിയയിലെ St. Joseph's Catholic Church-ൽ (293 Stuart St). ലണ്ടനിൽ നിന്ന് ഫാ. പ്ലോജൻ ആന്റണി വന്ന് കുർബാന അർപ്പിക്കുന്നു. കുർബാനയ്ക്ക് മുമ്പ് കുട്ടികൾക്ക് വേദപാഠവും ഉണ്ട്. എല്ലാവർക്കും സ്വാഗതം.
കേരള കടയും ഭക്ഷണവും: ഡൗൺടൗണിലെ 118 Christina St N-ൽ എബനേസർ (Your Place) കേരള റെസ്റ്റോറന്റും പലചരക്ക് കടയും. എതിർവശത്ത് 117-ൽ Malabari Bistro.
അമ്പലവും പള്ളിയും: സാർണിയയിൽ ഹിന്ദു ക്ഷേത്രവും മുസ്ലിം പള്ളിയും (1609 London Line) ഗുരുദ്വാരയും ഉണ്ട്. വിശദമായി (ഇംഗ്ലീഷ്)
ഓണത്തിനും ക്രിസ്മസിനും നമുക്ക് ഒന്നിക്കാം.
സാർണിയയിലെ മലയാളി കുടുംബങ്ങളെ പരിചയപ്പെടാം. എന്തെങ്കിലും സഹായം വേണമെങ്കിൽ മടിക്കാതെ ചോദിക്കാം.
[email protected]